National
ചെന്നൈ: ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 28 കിലോയിലധികം കഞ്ചാവ് പിടികൂടി.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് ഇവരെ പിടികൂടിയത്. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തായ്ലൻഡിലെ ഫൂക്കറ്റിൽ നിന്ന് കഞ്ചാവ് വാങ്ങി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Kerala
കണ്ണൂർ: പരിയാരത്ത് 80 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി. പുത്തൻ കാറിൽ രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച കുഴൽപ്പണമാണ് പിടികൂടിയത്. സംഭവവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു. പുഷ്പഗിരി നഹലാസിൽ നാസിഫ് (22), അമ്മംകുളം ഷംനാസിൽ മുഹമ്മദ് ഷാഫി (30), ചാലോടെ തേരളഞ്ഞി പ്രവീൽ (38) എന്നിവർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതയിൽ പിലാത്തറയിലെ വനിതാ ഹോട്ടലിനു സമീപം കാർ യാത്രക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിൽ ഇവർ സഞ്ചരിച്ച ആഡംബര കാറിന്റെ ചില്ല് തകർന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് വർക്ക്ഷോപ്പുകാരനെ കൊണ്ടുവന്ന് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഹാൻഡ് ബ്രേക്കിന്റെ അടുത്തായി രഹസ്യ അറ കണ്ടെത്തിയത്.
ഈ അറയ്ക്കുള്ളിൽ 100, 200, 500 രൂപ നോട്ടുകളുടെ കെട്ടുകളാണ് കണ്ടെത്തിയത്. 80 ലക്ഷം രൂപയുടെ നോട്ടുകളുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഴൽപ്പണമാണെന്ന് വ്യക്തമായത്. പണം പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.
International
ഇസ്ലാമാബാദ്: സംഘർഷത്തിന് പിന്നാലെ അതിർത്തി അടച്ചത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തിരിച്ചടിയാകുന്നു. ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നു. സംഘർഷം പൊട്ടിപ്പുറപ്പെട്ടശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയർന്നു.
എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് കാബൂളിലെ പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്സ് തലവൻ ഖാൻ ജാൻ അലോകോസെ വാർത്താ ഏജൻസിയോട് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം മില്യൺ ഡോളർ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും കയറ്റുമതി ചെയ്യുന്നതിനായി ഏകദേശം 500 കണ്ടെയ്നർ പച്ചക്കറികൾ ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം കേടാകുകയാണെന്നും അലോകോസെ പറഞ്ഞു. പാകിസ്ഥാൻ വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയർന്ന് കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാൻ രൂപയായി ($2.13). അഫ്ഗാനിസ്ഥാനിൽനിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്.
ഏകദേശം 5,000 കണ്ടെയ്നർ സാധനങ്ങൾ അതിർത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നതിനാൽ വിപണിയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കും ക്ഷാമമുണ്ടെന്ന് അലോകോസെ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഖത്തറും തുർക്കിയും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നു. പക്ഷേ അതിർത്തി വ്യാപാരം ഇപ്പോഴും ആരംഭിച്ചിട്ടില്ല. അടുത്ത ഘട്ട ചർച്ചകൾ ഒക്ടോബർ 25ന് ഇസ്താംബൂളിൽ നടക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരനെന്ന് സൂചന. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകൾ എസ്ഐടി സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ആധാരങ്ങൾ കണ്ടെത്തി. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു.
2020നുശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയത്. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്റെയും പേരിലേക്ക് മാറ്റിയത്.
ഇയാളുടെ വീട്ടിൽ അന്വേഷണ സംഘം ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച പരിശോധന അർധരാത്രി പന്ത്രണ്ടരവരെ നീണ്ടു. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
Kerala
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി രണ്ട് ഐടി ജീവനക്കാർ പിടിയിൽ. സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്.
നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ലക്ഷദ്വീപ് പള്ളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് ഇൻസ്പെക്ടർ കെ.പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.